മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരിയുടെ ആരോഗ്യ നില ഗുരുതരം

07:41 AM Nov 04, 2025 | Suchithra Sivadas

വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ പറഞ്ഞു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നതെന്നും ഡോ. ജയചന്ദ്രന്‍ പറഞ്ഞു. 


തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. ചികിത്സയില്‍ തൃപ്തയല്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഇന്നലെ പ്രതികരിച്ചിരുന്നത്. എന്നാല്‍, പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണത്തോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.