നേമത്തെ 60 കാരനായ ഹോട്ടല്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നില്‍ മരിച്ചയാളുടെ കൂടെ താമസിച്ചിരുന്ന 71 കാരിയാണെന്ന് കണ്ടെത്തി. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിനെയാണ് മൂന്ന് മാസം മുന്‍പ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ അനന്തകൃഷ്ണന്റെ കൂടെ താമസിച്ച് വന്നിരുന്ന 71 കാരിയായ ശാന്തകുമാരി സംശയ നിഴലിലായിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം വീട് വിട്ട ശാന്തകുമാരി പല സ്ഥലങ്ങളിലേയ്ക്ക് മാറി മാറി യാത്ര ചെയ്തതും എവിടെയും സ്ഥിരമായി നില്‍ക്കാതിരുന്നതുമെല്ലാം പൊലീസിന് കേസ് തെളിയിക്കാന്‍ പ്രതിസന്ധിയായി. ഒടുവില്‍ ഇവരെ ബാലരാമപുരത്തിന് സമീപത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.
അനന്തകൃഷ്ണനും ശാന്തകുമാരിയും മദ്യപിച്ച് മിക്ക ദിവസങ്ങളിലും തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്നും മിക്ക രാത്രികളിലും ഇവര്‍ തമ്മില്‍ വഴക്കും മര്‍ദ്ദനവും ഉണ്ടാവാറുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒരു ദിവസം ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അനന്തകൃഷ്ണന് ശാന്തകുമാരിയെ ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് ഇതിനെ പ്രതിരോധിക്കാനായി ശാന്തകുമാരി വിറകുകഷണമെടുത്ത് ഇയാളുടെ തലയ്ക്കടിക്കുകയുമായിരുന്നു. ഇത്തരത്തില്‍ തലയ്ക്കേറ്റ പരിക്കിലാണ് അനന്തകൃഷണന് കൊല്ലപ്പെടുന്നത്. അനന്തകൃഷ്ണന് മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു ശാന്തകുമാരി അന്ന് പറഞ്ഞിരുന്നത്.