അമേരിക്കയില്‍ 30 വര്‍ഷമായി കഴിയുന്ന 73 കാരി ഇമ്മിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയില്‍

06:29 AM Sep 15, 2025 | Suchithra Sivadas

അമേരിക്കയില്‍ 73കാരിയായ സിഖ് വനിതയെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. കാലിഫോര്‍ണിയയില്‍ പതിവ് പരിശോധനകളുടെ ഭാഗമായി എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. സംഭവത്തില്‍ സ്ത്രീയുടെ കുടുംബം പ്രതിഷേധിച്ചു. മുപ്പത് വര്‍ഷമായി വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ താമസിക്കുന്ന ഹര്‍ജിത് കൗറിനാണ് ദുരനുഭവം.

സംഭവത്തിന് പിന്നാലെ ഹര്‍ജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തില്‍ നിന്നുള്ളവരും ഒന്നിച്ചാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഹര്‍ജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 1992 ല്‍ രണ്ട് ആണ്‍മക്കളുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയതാണ് ഇവര്‍. 2012 ല്‍ അഭയാര്‍ത്ഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള എല്ലാ സമയത്തും വര്‍ഷത്തില്‍ രണ്ട് തവണ അവര്‍ ഇമ്മിഗ്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കല്‍ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകള്‍ ഇയോ മഞ്ചി കൗര്‍ പറയുന്നു.ഇന്ത്യയിലേക്ക് തിരിച്ചയക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.