
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി.
'വിഎസിനൊപ്പം കാല്‍നൂറ്റാണ്ടിലേറെ കാലം സംഘടനാരംഗത്തും പത്തുവര്‍ഷക്കാലം ഭരണരംഗത്തും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച സഖാവാണ് ഞാന്‍. ഇന്ന് കാണുന്ന ജനസാഗരം തന്നെ അദ്ദേഹം എത്ര അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഇന്നലെ മൂന്നര മണിക്കുശേഷം തിരുവനന്തപുരം നഗരത്തിലേക്ക് ചെറുപ്പക്കാരുള്‍പ്പെടെ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കിടപ്പിലായിരുന്നെങ്കിലും അദ്ദേഹം ജനങ്ങള്‍ക്കുളളില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ ജനപ്രവാഹം. അദ്ദേഹം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് എന്ന നിലയ്ക്ക് മാത്രമല്ല, കുഞ്ഞുങ്ങളുടെ മുതല്‍ പ്രായമായവരുടെ വരെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ആളാണ്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച നേതാവാണ് വി എസ്. കേരളം ഇന്ന് കാണുന്നതുപോലെ മാറിവരും എന്ന് പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി സ്വന്തം ജീവന് പോലും തൃണവല്‍കരിച്ചുകൊണ്ട് പൊരുതിയ ധീരനായ നേതാവാണ് വി എസ്. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്. ധീരനായ വിപ്ലവകാരിയാണ്. വി എസിന് തുല്യം വിഎസ് മാത്രം. വലിയ നഷ്ടമാണ്'- പി കെ ശ്രീമതി പറഞ്ഞു.