ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

07:31 AM Feb 04, 2025 | Suchithra Sivadas

അന്തിക്കാട് കാഞ്ഞാണിയില്‍  ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. മൂന്ന് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഒപ്പം കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. മൂന്ന് ബസുകളിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി.


ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാന്‍ എടപ്പാളിലുള്ള ഐ ഡി ടി ആര്‍-ലേക്ക് അയക്കും. അഞ്ചു ദിവസമായിരിക്കും പരിശീലനം. കാഞ്ഞാണി സെന്ററില്‍ കണ്ടക്ടര്‍മാര്‍ ബസില്‍ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഡ്രൈവര്‍ക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എം വി ഐ അറിയിച്ചു.

ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് അത്യാസന്ന നിലയില്‍ ആയ രോഗിയുമായി പോയ സര്‍വ്വതോ ഭദ്രം ആംബുലന്‍സിനെ സ്വകാര്യ ബസ്സുകള്‍ വഴിമുടക്കിയത് .മനപ്പൂര്‍വ്വം ആംബുലന്‍സിന് വിലങ്ങുതടിയായി മാര്‍ഗതടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്.

ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകള്‍ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബസുകള്‍ ചേര്‍ന്ന് റോങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടയുകയായിരുന്നു.