കോഴിക്കോട്: കുട്ടിയുടെ ചികിത്സയ്ക്കായി 3 കോടി രൂപ പിരിച്ചു നല്‍കിയതിന് ഇന്നോവ ക്രിസ്റ്റ കാര്‍ സമ്മാനമായി വാങ്ങിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗലത്തിനെതിരെ സോഷ്യല്‍ മീഡിയ. കമ്മീഷന്‍ ഇനത്തില്‍ വാങ്ങിയ കാറാണിതെന്നും കുട്ടിയുടെ കുടുംബം സമ്മാനം നല്‍കിയതാണെന്ന രീതിയില്‍ പ്രചരണം നടത്തുകയാണെന്നും ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഷാമില്‍ മോന്‍ ചികിത്സാ സഹായമായി 3 കോടി രൂപ പിരിച്ചു നല്‍കിയിരുന്നു. ഇതിന് പാരിതോഷികമായാണ് കാര്‍ ലഭിച്ചതെന്നാണ് ഷമീറിന്റെ വിശദീകരണം. 40 ലക്ഷത്തോളം രൂപ വിലവരുന്ന കാറാണിത്. എന്നാല്‍, ഉപയോഗിച്ച കാര്‍ ആണിതെന്നും പുതിയതല്ലെന്നും ഷമീര്‍ പറയുന്നു.
ലക്ഷക്കണക്കിന് രൂപ ചികിത്സ ചെലവ് ഉണ്ടെന്നിരിക്കെ ഇത്രയും വിലകൂടിയ കാര്‍ രോഗിയുടെ കുടുംബത്തില്‍ നിന്നും സമ്മാനമായി എങ്ങിനെ സ്വീകരിച്ചെന്നാണ് ചോദ്യമുയരുന്നത്. ഇതിനായാണോ ജനങ്ങള്‍ പണം നല്‍കിയതെന്നും ചിലര്‍ ചോദിക്കുന്നു.
ഷാമില്‍ മോന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ പറയുന്നത് ആരും മുഖവിലക്കെടുത്തിട്ടില്ല.
കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിം ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഷമീറിന് കാര്‍ സമ്മാനിച്ചത്. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി നേരത്തെ ചില സംഭവങ്ങളുണ്ടായിരുന്നു. കോടികള്‍ പിരിച്ചു നല്‍കിയാല്‍ നിശ്ചിത തുക അക്കൗണ്ടില്‍ നിന്നും ആവശ്യപ്പെടുകയാണ് ഇവരുടെ പതിവ്. രോഗികളുടെ ബന്ധുക്കള്‍ ഇതിന് അനുവാദം കൊടുക്കാറുമുണ്ട്. ചികിത്സയ്ക്കായി പണം ലഭിച്ചതുകൊണ്ടുതന്നെ ചാരിറ്റിക്കാര്‍ക്കെതിരായ വിവാദം ഒഴിവാക്കുകയാണ് പതിവ്.