സിയോൾ: ബിടിഎസിന്റെ മുതിർന്ന ഗായകരിൽ ഒരാളായ കിം സിയോക്ജിനെ (ജിൻ) ചുംബിച്ച 50 കാരിക്കെതിരെ നിയമനടപടി സ്വീകരിച്ച് ദക്ഷിണകൊറിയൻ പൊലീസ്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. ജാപ്പനീസ് സ്ത്രീക്ക് സമൻസയച്ചതായി സിയോളിലെ സോങ്പ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
ലൈംഗിക പീഡന ആരോപണത്തിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. സ്വകാര്യത ചൂണ്ടിക്കാട്ടി പൊലീസ് 50 കാരിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2024 ജൂണിൽ 18 മാസത്തെ തന്റെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു കിം സിയോക്-ജിൻ ആരാധകരുമൊത്ത് ആഘോഷം സംഘടിപ്പിച്ചത്. സിയോളിൽ നടന്ന പരിപാടിയിൽ തന്റെ സൈനിക സേവനം പൂർത്തിയായതും ബാൻഡിന്റെ 11-ാം വാർഷികവും ജിൻ ആഘോഷിച്ചു.
ഇതിനിടെ 10,000 ഓളം ആരാധകരിൽ പലർക്കും താരം ആലിംഗനവും നൽകി. എന്നാൽ ഇതിനിടെ ജിന്നിന്റെ സമീപത്തേക്കെത്തിയ അമ്പതുകാരി നിർബന്ധപൂർവം താരത്തിന്റെ കവിളിൽ ഉമ്മവെയ്‌ക്കുകയായിരുന്നു. ഓൺലൈൻ ബ്ലോഗിലും സ്ത്രീ താൻ ജിന്നിന്റെ കഴുത്തിൽ ചുംബനം നൽകിയെന്ന് അവകാശപ്പെട്ടു. ഓൺലൈനായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.