ബെംഗളൂരു: മദ്യലഹരിയിൽ റോഡരികില്‍ കെട്ടിയിട്ടിരുന്ന പശുക്കളുടെ അകിട് മുറിച്ചുമാറ്റിയ ആൾ അറസ്റ്റില്‍. ബിഹാര്‍ ചംപാരന്‍ സ്വദേശിയായ ഷെയ്ഖ് നസ്രു (30) വാണ് പിടിയിലായത്. ചാമരാജ്പേട്ടിലെ വിനായകനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പശുക്കളെ ആക്രമിച്ചത് വലിയ രീതിയിലെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി നടപടി സ്വീകരിക്കാനും കുറ്റവാളിയെ കണ്ടെത്താനും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
ചാമരാജ്പേട്ട് സ്വദേശിയായ കർണ എന്നയാളുടെ മൂന്ന് പശുക്കളെയാണ് യുവാവ് ആക്രമിച്ചത്. കാലികളുടെ ബഹളം കേട്ട് എഴുന്നേറ്റ കർണ തൊഴുത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പശുക്കളെ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ പശുക്കള്‍ അപകടനില തരണം ചെയ്തതായി ഡിസിപി (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. പശുക്കളുടെ ഉടമയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളിയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ബിജെപി നേതാവ് എംഎൽസി രവി കുമാർ വിശദമാക്കി.