
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ശശി തരൂര്‍ എം പി. വി എസിന്റെ വിയോഗത്തില്‍ ജനലക്ഷങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ്. ജനലക്ഷങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.ആദരാഞ്ജലികള്‍.' ശശി തരൂര്‍ കുറിച്ചു.