ചായ കുടിക്കാനിരിക്കേ യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി, ഒരു മരണം

07:36 AM Apr 17, 2025 | Suchithra Sivadas

ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി ഒരു മരണം. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്. മറ്റു നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കള്‍ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. നാല് മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്.