തുടര്‍ച്ചയായ അപകടങ്ങള്‍; ഇടുക്കിയില്‍ ജീപ്പ് സവാരികള്‍ക്ക് താത്കാലിക നിരോധനം

10:33 AM Jul 07, 2025 |


ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.ജീപ്പ് സവാരിയും ഓഫ്-റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ.

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനമെങ്കിലും വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകള്‍ക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല.

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറില്‍ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.