+

ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്

മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു.

കുവൈത്തിലെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ തീപിടുത്തം. സ്റ്റേഷന്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്‌റ ഗവര്‍ണറേറ്റിലെ ഖസര്‍ പ്രദേശത്തുള്ള ഒരു പെട്രോള്‍ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിന്റെ എന്‍ജിനാണ് തീ പിടിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ടതും ഇന്ധനം നിറച്ചുകൊണ്ടിരുന്ന നോസില്‍ പുറത്തേക്കെടുത്ത് ജീവനക്കാരന്‍ മാറി. എന്‍ജിനില്‍ നിന്ന് തീ വലിയ രീതിയില്‍ പടരാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. അതേസമയം മറ്റുള്ളവര്‍ വാഹനം പമ്പിന് സമീപത്ത് നിന്ന് തള്ളി മാറ്റുകയും ചെയ്തു.
ആദ്യം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വീണ്ടും തീ പടരാന്‍ തുടങ്ങി. ഉടന്‍ തന്നെ കുവൈത്ത് ഫയര്‍ ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തെത്തുകയും വാഹനത്തില്‍ പടര്‍ന്ന തീ അണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്ന വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

facebook twitter