ന്യൂഡല്‍ഹി: അവിവാഹിതരായ പുരുഷന്മാരെ കബളിപ്പിച്ച് വിവാഹം കഴിപ്പിച്ചതിന് ശേഷം അവരുടെ വീടുകളില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് മുങ്ങുന്ന സംഘത്തെ പോലീസ് പിടികൂടി. രണ്ട് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന റാക്കറ്റിനെ ഉത്തര്‍പ്രദേശിലെ ബന്ദയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പൂനം വധുവായി വേഷമിടുമെന്നും സഞ്ജന ഗുപ്ത അമ്മയായും വേഷമിട്ടാണ് വിവാഹ നാടകം അരങ്ങേറിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റു രണ്ടുപേരായ വിമലേഷ് വര്‍മയും ധര്‍മേന്ദ്ര പ്രജാപതിയുമാണ് ഇരയെ കണ്ടെത്തുന്നത്. ഇവര്‍ പൂനത്തെ പുരുഷന്മാര്ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. ലളിതമായ വിവാഹ ചടങ്ങുകള്‍ക്കുശേഷം പൂനം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും മോഷണം നടത്തി മുങ്ങുന്നത് പൂനം തന്നെയാണ്. അവസരത്തിനുവേണ്ടി കാത്തിരുന്നാണ് മോഷണമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ 6 വിവാഹം നടത്തി. ആറിടത്തുനിന്നും പണവും ആഭരണങ്ങളുമായി മുങ്ങി. ശങ്കര്‍ ഉപാധ്യായ് എന്നയാളുടെ പരാതിയിലാണ് ഇപ്പോള്‍ പ്രതികള്‍ അറസ്റ്റിലായത്. അവിവാഹിതനായ ഇയാളെ വിമലേഷ് സമീപിക്കുകയും വിവാഹത്തിന് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. 1.5 ലക്ഷം രൂപയാണ് കമ്മീഷനായി ആവശ്യപ്പെട്ടത്. ശങ്കര്‍ സമ്മതിക്കുകയും ചെയ്തു.
വിമലേഷ് തന്നെ ശങ്കറിനെ വിളിച്ചുവരുത്തി പൂനത്തിന് പരിചയപ്പെടുത്തിയതായി പരാതിക്കാരന് പറഞ്ഞു. തുടര്‍ന്ന് ഇയാളോട് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. സംശയം തോന്നിയ ശങ്കര്‍ പൂനത്തിന്റെയും സഞ്ജനയുടെയും ആധാര്‍ കാര്‍ഡുകള്‍ ചോദിച്ചു. ഇതോടെ കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഇയാളെ ഭീഷണിപ്പെടുത്തി. ആലോചിക്കാന്‍ സമയം വേണമെന്ന് പറഞ്ഞ ശങ്കര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികള്‍ വിവാഹത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ബന്ദ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞു.