ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 2009 ൽ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്സഭയിൽ അംഗമായിട്ടില്ല.
സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡറ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.