ബോക്സ് ഓഫീസിൽ കുതിച്ച് ആമിർ ഖാന്റെ സിത്താരെ സമീൻ പർ

06:35 PM Jun 23, 2025 | Neha Nair

ആമിർ ഖാൻ നായകനായെത്തിയ സ്പോർട്സ് കോമഡി ജോണർ ചിത്രമായ സിത്താരെ സമീൻ പർ മൂന്നാം ദിനവും മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതായി റിപ്പോർട്ട്. ചിത്രം ബോക്സ് ഓഫീസിൽ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രം എന്നാണ് ആദ്യ പ്രതികരണങ്ങൾ. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 94 കോടിയോളം നേടിയെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പുറത്ത് വരുന്ന കണക്കുകൾ. ആദ്യ ദിനം ചിത്രത്തിന് 19 കോടി മാത്രമായിരുന്നു ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. എന്നാൽ രണ്ടാം ദിനം 34 കോടി രൂപയും മൂന്നാം ദിവസം 40 കോടിയുമാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും സ്വന്തമാക്കിയത്.

അതേസമയം ചിത്രം നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ 100 കോടി കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ ഈ ചിത്രവും നിരാശപ്പെടുത്തിയില്ലെന്നും സിനിമാപ്രേമികൾ പറയുന്നു. കൂടാതെ പ്രേക്ഷകരെ കരയിപ്പിക്കും വിധം വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആർ എസ് പ്രസന്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ‘സിത്താരെ സമീൻ പർ’ഒരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് ചിത്രമെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയ ദേശ്മുഖും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.