+

ആമിർ ഖാൻറെ 'സിത്താരെ സമീൻ പർ' ഒ.ടി.ടിയിൽ സ്ട്രീം ചെയ്യില്ല

ആമിർ ഖാൻ 2007ൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ തുടർച്ചയായ സിത്താരെ സമീൻ പറിലൂടെ തിരിച്ചെത്തുകയാണ്
ആമിർ ഖാൻ 2007ൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ തുടർച്ചയായ സിത്താരെ സമീൻ പറിലൂടെ തിരിച്ചെത്തുകയാണ്. 2025 ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തും. പ്രണയവും ചിരിയും വികാരങ്ങളും നിറഞ്ഞതായിരിക്കും ചിത്രമെന്ന് ആദ്യ പോസ്റ്റർ വ്യക്തമാക്കുന്നു. താരേ സമീൻ പർ കഥയും സംവിധാനവും നിർമാണവും ആമിർ ഖാനായിരുന്നു. എന്നാൽ സിത്താരെ സമീൻ പർ സംവിധാനം ചെയ്യുന്നത് ആർ. എസ് പ്രസന്നയാണ്.
താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് ആമിർ ഖാൻ പദ്ധതിയിടുന്നു. പകരം, തിയറ്ററുകളിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം, പേ-പെർ-വ്യൂ മോഡലിൽ ചിത്രം യൂട്യൂബിൽ വന്നേക്കാം. അതായത്, സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലാതെ തന്നെ ആളുകൾക്ക് ഒരു തവണ പണമടച്ച് വീട്ടിലിരുന്ന് ചിത്രം കാണാൻ കഴിയും. പെട്ടെന്ന് ഒ.ടി.ടി റിലീസുകൾ വരുന്നതോടെ ആളുകൾ തിയറ്ററുകളിൽ പോകുന്നത് നിർത്തുമെന്ന് ആമിർ കരുതുന്നു. സിനിമ കാണുന്ന ശീലം തിരികെ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ യൂട്യൂബ് പദ്ധതി വിജയിച്ചാൽ, ഇന്ത്യയിൽ സിനിമകൾ റിലീസ് ചെയ്യുന്ന രീതി തന്നെ മാറ്റിയേക്കാം.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് നടൻ പറഞ്ഞു. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' ആമിർ പറഞ്ഞിരുന്നു. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
facebook twitter