+

ഐക്യുവിന് എതിരാളിയെ ഇറക്കി റിയൽമി; ജി ടി 7 മെയ് 27 നെത്തും

ജി ടി സീരീസിലെ പുതിയ ഫ്ലാഗ്ഷിപ്പുമായി റിയൽമിയും രംഗത്ത്. 

ജി ടി സീരീസിലെ പുതിയ ഫ്ലാഗ്ഷിപ്പുമായി റിയൽമിയും രംഗത്ത്. ഈ മാസം 27 നായിരിക്കും ശ്രേണിയിലെ ഏറ്റവും പുതിയ താരത്തെ വിപണിയിൽ അവതരിപ്പിക്കുക. മാസാവസാനം ഐക്യൂ നിയോ 10, ‍വൺ പ്ലസ് 13 എസ് എന്നിവ എത്തുമെന്ന് മുമ്പേ കമ്പനികൾ അറിയിച്ചിരുന്നു. ത്രിമൂർത്തികൾ ഒരുമിച്ചെത്തുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പായി.
“ഒരിക്കലും നിലയ്ക്കാത്ത ശക്തി” എന്ന ടാഗ്‌ലൈനുമായി വരുന്ന ഫോൺ പെർഫോമൻസിന് തന്നെയാണ് മുൻഗണന കൊടുക്കുന്നത്. മീഡിയടെക്കിന്റെ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഡൈമെൻസിറ്റി 9400+ എന്ന കരുത്തൻ ചിപ്‌സെറ്റാണ് ഫോണിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്നത്.
144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ-എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേയാണ് ജിടി 7 ന് റിയൽമി നൽകിയിരിക്കുന്നത്. 50 എംപി സോണി എൽവൈടി 700 സി പ്രൈമറി കാമറക്കൊപ്പം 8 എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുത്തിയ ഡ്യുവൽ കാമറാ സെറ്റപ്പാണ് പിന്നിലുള്ളത്. പെർഫോമൻസ് മാത്രമല്ല. കാമറയിലും കോംപ്രമൈസ് ഇല്ലെന്ന് റിയൽമി അടിവരയിട്ട് പറയുകയാണ് ഇതിലൂടെ.
120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന വമ്പൻ 7500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻറെ പവർഹൗസ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6 ആയിരിക്കും ഫോണിലുണ്ടാവുക. കൂടാതെ, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68+IP69 റേറ്റിംഗും ഇതിന് ഉണ്ടായിരിക്കാം. കടുത്ത ഗെയിമിങ്ങിനിടയിലും കൂളായി നിൽക്കാൻ ഐസ്‌സെൻസ് ഗ്രാഫീൻ സാങ്കേതികവിദ്യയുമായാണ് റിയൽമി GT 7 എത്തുക. 12 ജിബി റാം 256 സ്റ്റോറേജ് വരുന്ന ബേസ് വേരിയൻറിന് 40000 രൂപക്ക് മുകളിലായിരിക്കും വില വരുക
facebook twitter