+

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും ; 12ാം തവണയും മാറ്റി

ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍  ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ 10ന് സിറ്റിങ് ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. 

പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. അടുത്ത സിറ്റിങ് തീയതി പിന്നീട് കോടതി അറിയിക്കും. 12ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നത്. റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം 19ാം വര്‍ഷത്തിലാണ്. കേസിന്റെ ആദ്യകാലം മുതലുള്ള ഒറിജിനല്‍ കേസ് ഡയറി ഗവര്‍ണറേറ്റില്‍നിന്ന് തിരികെ വളിച്ച് പുനഃപരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് മോചനകാര്യത്തിലെ തീരുമാനം നീളുന്നത്. 

19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുല്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീര്‍പ്പിനാണ് അബ്ദുല്‍ റഹീമിന്റെ കാത്തിരിപ്പ്. ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ലോകവ്യാപകമായി മലയാളികള്‍ ചേര്‍ന്ന് പിരിച്ച് നല്‍കിയത്. അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നല്‍കിയത്. അതിനെ തുടര്‍ന്നാണ് അവര്‍ മാപ്പ് നല്‍കിയതും കോടതി വധശിക്ഷ റദ്ദ് ചെയ്തതും

facebook twitter