ക്വാലാലംപൂർ: മലേഷ്യൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട മുൻ പ്രധാനമന്ത്രി അബ്ദുല്ല അഹമ്മദ് ബദാവി അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ക്വാലാലംപൂരിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ബദാവി. 2003 മുതൽ 2009 വരെയുള്ള കാലത്താണ് അദ്ദേഹം പ്രധാനമന്ത്രി പദവി അലങ്കരിച്ചത്.
മഹാതീർ മുഹമ്മദിന്റെ 22 വർഷം നീണ്ട സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ചാണ് ബദാവി അധികാരത്തിലെത്തിയത്.മഹാതീർ തന്നെയാണ് ബദാവിയെ നിർദേശിച്ചത്. എന്നാൽ സിങ്കപ്പൂരിലേക്ക് പാലം പണിയുന്നതടക്കം മഹാതീറിന്റെ പല വൻകിട പദ്ധതികളും അദ്ദേഹം പിന്നീട് റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ചുമതലയേറ്റശേഷം 2004ലെ തെരഞ്ഞെടുപ്പിൽ ബദാവിയുടെ നാഷനൽ ഫ്രണ്ട് സഖ്യം വൻ വിജയം നേടിയിരുന്നു. ദുർബലനായ നേതാവായാണ് രാഷ്ട്രീയ വിമർശകർ വിലയിരുത്തിയിരുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമർശനാത്മകമായ മാധ്യമ പ്രവർത്തനത്തിനും അദ്ദേഹം അനുമതി നൽകിയിരുന്നു.