+

അഭിമന്യു വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത്.

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അര്‍ജുനെ അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തൊട്ട് മുന്‍പത്തെ ദിവസമായിരുന്നു ആക്രമണം നടന്നത്. കേസിലെ പതിനാറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയില്‍ നിന്ന് നഷ്ടമായത്.

facebook twitter