മുന്‍കാമുകിയുടെ കോഴിയെ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ . തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മുന്‍ കാമുകന്‍ 'പോളി'യെന്ന തന്റെ കോഴിയുമായി 'മുങ്ങി'യെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. യു.എസിലെ വാഷിങ്ടണിലാണ് സംഭവം. പ്രതിയെ പോലീസ് വനത്തില്‍ തിരയുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
"എനിയ്ക്ക് പോളിയെ കിട്ടി" എന്ന് അലറിവിളിച്ചാണ് യുവാവ് കോഴിയുമായി ഓടിമറഞ്ഞതെന്ന് യുവതി അവകാശപ്പെട്ടു. യുവതിയുടെ വീടിനടുത്തുള്ള വനത്തില്‍ നിന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്. കോഴിയെ കൈമാറാന്‍ വിസമ്മതിച്ച യുവാവ് 'എന്റെ കോഴിയെ ഉപദ്രവിക്കരുതെന്ന്' കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
കോഴിയെ ഉപദ്രവിക്കില്ലെന്ന് പോലീസുദ്യോഗസ്ഥന്‍ പറഞ്ഞതോടെ ഒളിച്ചിരുന്നിടത്തുനിന്ന് യുവാവ് പുറത്തിങ്ങുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് യുവാവ് വഴങ്ങി കോഴിയെ കൈമാറി. കോഴിയെ ഉടമയ്ക്ക് മടക്കിനല്‍കിയതായി പോലീസ് അറിയിച്ചു.