രാജ്യത്തിനുളളില്‍ വിഘടനമുണ്ടാക്കുന്ന ഏത് നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്, പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം : പരിഹസിച്ച് അബിന്‍ വര്‍ക്കി

02:51 PM May 08, 2025 |


കണ്ണൂര്‍: മലപ്പട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. സിപിഐഎമ്മിന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മലപ്പട്ടണത്ത് കണ്ടതെന്നും കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലെന്ന സിപിഐഎമ്മിന്റെ തിട്ടൂരം വിലപ്പോവില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം പാകിസ്താനെതിരെ പോരാടുമ്പോള്‍ രാജ്യത്തിനുളളില്‍ വിഘടനമുണ്ടാക്കുന്ന ഏത് നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പറഞ്ഞ അബിന്‍, പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം എന്നും പരിഹസിച്ചു.

Trending :

അബിൻ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

മലപ്പട്ടണത്ത് യൂത്ത് കോൺഗ്രസ്‌ നേതാവ് സനീഷിന്റെ വീട്ടിൽ ഉണ്ടായത് സി.പി.എംന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. കോൺഗ്രസുകാരൻ ആയതിന്റെ പേരിൽ പൊതുപ്രവർത്തനം നടത്താൻ സാധിക്കില്ല എന്ന സി.പി.എം ന്റെ തീട്ടൂരം ഒന്നും ഇവിടെ വിലപോവില്ല. ഗാന്ധി സ്തൂപവും രാജീവ് ഗാന്ധി സ്തൂപവും കൂടെ തകർക്കപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം പാകിസ്ഥാന് എതിരെ പോരാടുമ്പോൾ രാജ്യത്തിനു ഉള്ളിൽ വിഘടനം ഉണ്ടാക്കുന്ന ഏത് നടപടിയും അത് എത്ര ചെറുതാണ് എങ്കിൽ പോലും മാപ്പർഹിക്കാത്ത കുറ്റമാണ്.

പോത്തിന് എന്ത് ഏത്ത വാഴ എന്നത് പോലെ കമ്മ്യൂണിസ്റ്റ്‌കാർക്ക് എന്ത് യുദ്ധം. അല്ലെങ്കിലും ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോ ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധ കാരണം എന്ന് വാദിച്ച രണദേവയുടെയും, ഇ.എം.സിന്റെയും, ഹർകിഷൻ സിംഗ് സുർജിത്തിന്റെയും, എ.കെ.ജി യുടെയും പിന്മുറക്കാർ ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. അങ്ങനെയുള്ളവർ അത് കൊണ്ട് തന്നെ യുദ്ധം ഉണ്ടാകുമ്പോ മുകുന്ദന്റെ ഗാഥകൾ വായിച്ചു സമാധാന വാഹകർ ആകും.

രാഷ്ട്രീയത്തിലായാലും മത്തം കുത്തിയാൽ കുമ്പളം മുളയ്ക്കില്ലലോ..