തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്തിന് മേൽ കുരുക്ക് മുറുകുന്നു. മരണത്തിൽ പങ്കില്ലെന്നും വീട്ടുകാർ തങ്ങളെ അകറ്റാൻ ശ്രമിച്ച വിഷമത്തിലായിരുന്നു യുവതിയെന്നും കഴിഞ്ഞ ദിവസം സുകാന്ത് ഹൈകോടതിയിൽ ജാമ്യഹരജി നൽകിയിരുന്നു. എന്നാൽ സുകാന്തിന്റെ വാദങ്ങൾ തള്ളി യുവതിയുടെ മാതാപിതാക്കൾ രംഗത്തുവരികയും ചെയ്തു. യുവതി ഗർഭഛിദ്രത്തിന് വിധേയയായതിന്റെ രേഖകളടക്കം കുടുംബം പൊലീസിന് കൈമാറി. യുവതിയുടെ കുടുംബത്തിന്റെ പരാതി ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ചുമത്തുകയും ചെയ്തു.
യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ഗർഭഛിദ്രത്തിന് വിധേയമായതിന്റെ തെളിവുകളാണ് ലഭിച്ചത്. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. വ്യാജ വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മാത്രമല്ല, യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി മൂന്നേകാൽ ലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. മകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം. വിവാഹത്തിന് താൽപര്യമില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മക്ക് സുകാന്ത് സന്ദേശം അയക്കുകയും ചെയ്തു.
ഗർഭഛിദ്രത്തിന് പിന്നാലെ യുവതിയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയിരുന്നു. അതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
സുകാന്തിനെതിരെ ബലാത്സംഗം, ആത്മഹത്യ പ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളുടെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന സുകാന്തിനായി അന്വേഷണം ഊർജിതമായി നടക്കുകയാണ്. പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ പൊലീസിന്റെ രണ്ട് സംഘങ്ങൾ ഒരാഴ്ചയായി അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല.
മാർച്ച് 24ന് രാവിലെ 9.15നാണ് ചാക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻറെ ഐ.ഡി കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.
രാവിലെ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന യുവതി പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. ഫോറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ യുവതി ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ ഇമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ കുടുംബം ഐ.ബിക്കും പേട്ട പൊലീസിനും പരാതി നൽകുകയായിരുന്നു.