റമദാന് ആരംഭിക്കുന്നതിനോടനുബന്ധിച്ച് അബുദാബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി. ചരക്ക് ട്രക്കുകള്‍, ടാങ്കറുകള്‍, നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിലെ റോഡുകളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതല്‍ രാത്രി 1 മണി വരെയും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.