അപകടങ്ങൾ വർധിക്കുന്നു: സുരക്ഷിത അകലം പാലിക്കണമെന്ന് ദുബായ് പൊലീസ്

04:42 PM Sep 07, 2025 | Kavya Ramachandran

ദുബായ്: വാഹനങ്ങൾ റോഡിൽ സുരക്ഷിത അകലം പാലിക്കണമെന്ന് ദുബായ് പൊലീസ്. കൃത്യമായ അകലം പാലിക്കാത്തതാണ് കൂടുതൽ ആളുകളെയും മരണത്തിൽ എത്തിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എമിറേറ്റ്സ് റോഡിൽ ശരൂഖ് ദിശയിൽ പോയ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രാഥമിക നി​ഗമനത്തിൽ വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കാതിരുന്നതാണ് അപകട കാരണമെന്ന് കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ്, രക്ഷാപ്രവർത്തക സംഘം എന്നിവർ ഗതാഗതം പുനഃസ്ഥാപിച്ചു. ഫെഡറൽ നിയമപ്രകാരം സുരക്ഷിത അകലം പാലിക്കാത്തവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. വേഗം, ശ്രദ്ധാഭംഗം, അകലം പാലിക്കാത്തത് എന്നിവക്കെതിരെ ബോധവത്കരണ ക്യാംപെയ്നുമായി ദുബായ് പൊലീസ് രം​ഗത്തുണ്ട്.