തൃശൂര്‍: മത്സ്യം മോഷ്ടിച്ചതിന് കേസ് കൊടുത്തതിലുള്ള വൈരാഗ്യത്താല്‍ യുവാക്കളെ ആക്രമിച്ച പ്രതി അറസ്റ്റില്‍. ശാന്തിപുരം പള്ളിനട സ്വദേശി ചെന്നറ വീട്ടില്‍ ഷിജുമോന്‍ എന്ന് വിളിക്കുന്ന ഷിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പനങ്ങാട് ശാന്തിപുരം സ്വദേശി ഊളക്കല്‍ വീട്ടില്‍ തന്‍സീര്‍, സുഹൃത്തായ വിഷ്ണുവും ചേര്‍ന്ന് ബ്രാലത്ത് മത്സ്യക്കൃഷി നടത്തുന്ന സ്ഥലത്ത് നിന്ന് മൂന്ന് ലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ചതിന് വിഷ്ണു പോലീസില്‍ പരാതിയില്‍ നല്‍കിയിരുന്നു.
കേസെടുത്തതിലുള്ള വൈരാഗ്യത്താല്‍ പത്താം തീയതി രാവിലെ പൊരിബസാര്‍ സെന്ററില്‍വെച്ച് തന്‍സീറിനെ ആക്രമിക്കുയും പിടിച്ച് മാറ്റാന്‍ വന്ന സുഹൃത്ത് അന്‍സീനെയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് തന്‍സീര്‍ വിഷ്ണുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ പൊരിബസാര്‍ വരമ്പത്തു പീടികയില്‍വെച്ച് ബൈക്ക് വട്ടംവെച്ച് നിര്‍ത്തി കത്തികൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടയായ അടിപിടിയില്‍ പരുക്കേറ്റ ഷിജേഷ് പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷിജേഷ് ഇരിങ്ങാലക്കുട മതിലകം പോലീസ് സ്റ്റേഷന്‍ പരിധികളിലെ രണ്ട് വധശ്രമക്കേസുകളിലും ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍, എ.എസ്.ഐ. പ്രജീഷ്, ജി.എസ്.സി.പി.ഒ. ഗോപകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.