
കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ വരവില്‍ക്കവിഞ്ഞ സ്വത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കൂടുതല്‍ വിവരങ്ങളുമായി കെടി ജലീല്‍ എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന പണത്തിന്റെ ഉറവിടം ഫിറോസ് വ്യക്തമാക്കണമെന്നും കടം വാങ്ങിയത് ആരില്‍നിന്നും എങ്ങിനെയെന്നും ജലീല്‍ ചോദിക്കുന്നു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
യഥാര്‍ത്ഥ യുദ്ധം 'BlueFin കമ്പനി' കാണാനിരിക്കുന്നതേ ഉള്ളൂ.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 22 ലക്ഷം രൂപ വിവിധ വ്യക്തികളില്‍ നിന്ന് കടം വാങ്ങിയതായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഈ പണം ബാങ്ക് മുഖേനയാണോ ഫിറോസ് വാങ്ങിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ അതിനെ കള്ളപ്പണമായി കരുതേണ്ടി വരും.
അഡ്വ: ഹരീഷ് വാസുദേവന് കൊടുക്കാനുള്ള ഒരു ലക്ഷം അദ്ദേഹത്തിന്റെ അച്ഛന്‍ 2011-ല്‍ സ്ഥലം വാങ്ങാന്‍ ഫിറോസിന് കൊടുത്ത ലക്ഷങ്ങള്‍ക്ക് പുറമെയാണോ? വ്യക്തമാക്കേണ്ടത് ഫിറോസും ഹരീഷ് വാസുദേവനുമാണ്.
അതല്ല ഫിറോസിന്റെ 'നിക്ഷേപമില്ലാത്ത സംരഭ'ത്തിലേക്ക് ഓഹരിയായിട്ടാണോ ഹരീഷ് തുക കൊടുത്തത്? അക്കാര്യം ഹരീഷാണ് വെളിപ്പെടുത്തേണ്ടത്. സത്യവാങ്ങ്മൂലത്തിന്റെ കോപ്പി ഇമേജിലുണ്ട്.
'BlueFin' വില്ല പ്രൊജക്ട് പണിയാന്‍ എവിടെയാണ് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത്? വയനാട്ടിലാണോ കോഴിക്കോട്ടാണോ? ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് കിട്ടിയത് എവിടെ നിന്നാണ്?
പത്രക്കാരെ നേരില്‍ കണ്ട് ഈ ചോദ്യങ്ങള്‍ക്ക് തെളിവുയര്‍ത്തി മറുപടി പറയാന്‍ ഫിറോസിന് ധൈര്യമുണ്ടോ? സഹോദരന്‍ ബുജൈറിന്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ തിരക്കിലാണെങ്കില്‍ ഫേസ് ബുക്കിലൂടെ മറുപടി നല്‍കിയാലും മതി. ഫിറോസിന്റെ വില്ല പ്രൊജക്ടില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാന്‍ ലീഗിലെ പുത്തന്‍ പണക്കാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കു നല്ലത്.
NB: മയക്കുമരുന്നിന് അടിമയായ സഹോദരന്‍ ബുജൈറിന്റെ വക്കീലായി തന്റെ സഹപാഠി അഡ്വ: ഹരീഷ് ദേവനെയാണോ ഫിറോസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്?