
കൊയിലാണ്ടി:പ്രതിവാരവണ്ടികളായ തിരുവനന്തപുരം സെൻട്രല്‍-വെരാവല്‍ എക്സ്പ്രസ് (നമ്ബർ 16334), നാഗർകോവില്‍ ജങ്ഷൻ-ഗാന്ധിധാം എക്സ്പ്രസ് (നമ്ബർ 16336), കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് (16312) എന്നീ വണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ ഉത്തരവായി.ഗുജറാത്ത് ഭാഗത്തേക്കുള്ള ഈ മൂന്ന് വണ്ടികളുടെയും സ്റ്റോപ്പ് കോവിഡിനെത്തുടർന്ന് യാത്രാനിരോധനം ഏർപ്പെടുത്തിയപ്പോഴാണ് എടുത്തുമാറ്റിയിരുന്നത്.
നിരോധനം നീക്കിയതിനുശേഷം ഗുജറാത്തില്‍നിന്ന് തിരിച്ചുവരുന്ന വെരാവല്‍-തിരുവനന്തപുരം എക്സ്പ്രനും ഗാന്ധിധാം-നാഗർകോവില്‍ എക്സ്പ്രസിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍നിന്ന് തിരിച്ചുപോകുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പ് ഇല്ലായിരുന്നു. അതാണിപ്പോള്‍ അനുവദിച്ചത്. യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഈ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. കോവിഡ്കാലത്ത് സീറോ ബേസ് ടൈംടേബിള്‍ പ്രകാരം നിർത്തലാക്കിയ സ്റ്റോപ്പുകളെല്ലാം റെയില്‍വേ പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ദക്ഷിണറെയില്‍വേ പുറത്തിറക്കി.
എറണാകുളം-കാരയ്ക്കല്‍ ടി ഗാർഡൻ എക്സ്പ്രസിന്റെ ഒറ്റപ്പാലം സ്റ്റോപ്പ്, നിലമ്ബൂർ-കോട്ടയം എക്സ്പ്രസിന്റെ മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ സ്റ്റോപ്പുകള്‍, ഭാവനഗർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ പയ്യന്നൂർ സ്റ്റോപ്പ്, തിരുവനന്തപുരം-വരാവല്‍ എക്സ്പ്രസിന്റെ പയ്യന്നൂർ, കൊയിലാണ്ടി സ്റ്റോപ്പുകള്‍ എന്നിവയാണ് പുനഃസ്ഥാപിച്ചത്. നാഗർകോവില്‍-ഗാന്ധിധാം എക്സ്പ്രസിന്റെ കാഞ്ഞങ്ങാട്, പയ്യന്നൂർ, കൊയിലാണ്ടി സ്റ്റോപ്പുകളും തിരുവനന്തപുരം നോർത്ത്- ശ്രീഗംഗ നഗർ എക്സ്പ്രസിന്റെ കൊയിലാണ്ടി സ്റ്റോപ്പ്, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്റെ തിരുവല്ല സ്റ്റോപ്പ്, രാജ്യറാണി എക്സ്പ്രസിന്റെ തിരുവല്ല സ്റ്റോപ്പ് എന്നിവയും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്ത് ഭാഗത്തേക്കുള്ള മൂന്ന് ട്രെയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ഗുജറാത്ത് ഭാഗത്തേക്കുള്ള എറണാകുളം-ഓഖ എക്സ്പ്രസിന് നിലവില്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ട്. കൊയിലാണ്ടി മേഖലയില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ ബറോഡ, അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ തുടങ്ങിയ നഗരങ്ങളില്‍ വിവിധ തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്നുണ്ട്. തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസ് തിങ്കളാഴ്ചയും നാഗർകോവില്‍-ഗാന്ധിധാം എക്സ്പ്രസ് ചൊവ്വാഴ്ചയും കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് ശനിയാഴ്ചയുമാണ് ഗുജറാത്ത് ഭാഗത്തേക്ക് സർവീസ് നടത്തുന്നത്. രാത്രി 12.30-നും 12.40-നും ഇടയിലാണ് ഈ വണ്ടികള്‍ കൊയിലാണ്ടി വഴി പോകുക.