അനധികൃത മദ്യവിൽപ്പന കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

09:43 AM Dec 23, 2024 | Litty Peter

മംഗളൂരു: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഗോവയിൽനിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയിൽ വിറ്റ കേസിലെ പ്രതി തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു. 

ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച് വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാൾ പിന്നീട് കോടതിയിൽ ഹാജരാകാതെ കേരളത്തിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

കോടതി വീണ്ടും അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തൃശ്ശൂരിലെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.