
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എന്‍കെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവര്‍ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും അവര്‍ വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 ഒക്ടോബര്‍ 19നാണ് ഞാന്‍ ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണ് ആണ്. 2018 നവംബര്‍ 27ന് ഞാന്‍ അറസ്റ്റില്‍ ആയി. ഡിസംബര്‍ 14 നു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എന്റെ ജാമ്യ വ്യവസ്ഥയില്‍ പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാന്‍ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാല്‍, ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നില്‍ക്കാന്‍ പോലും കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി സഖാവ് ആണ് എന്നെ മല കയറാന്‍ കൊണ്ടുവന്നതെന്ന ആരോപണവും വാസ്തവമല്ല. മല കയറുന്നതിനു മുന്‍പോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നോ, രാഷ്ട്രീയക്കാരില്‍ നിന്നോ, മതസഘടനകളില്‍ നിന്നോ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.