പാലക്കാട് കഞ്ചാവ് കേസിലെ പ്രതിക്ക് 3 വര്‍ഷം കഠിനതടവും പിഴയും

11:35 AM Mar 30, 2025 | AVANI MV

പാലക്കാട്: കഞ്ചാവ് കേസിലെ പ്രതിക്ക് 3 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് പുതുനഗരം കോഴിക്കുട്ടന്‍ വീട്ടില്‍ അല്‍ത്താഫി(24)നെയാണ് സെക്കന്റ് അഡീഷണല്‍ ജഡ്ജ് ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടയ്ക്കാത്തപക്ഷം 6 മാസം അധികതടവ് അനുഭവിക്കണം. പോലീസ് കാപ്പ നിയമപ്രകാരം നടപടിയെടുത്ത പ്രതിയാണ് അല്‍ത്താഫ്.

2019 നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. പുതുനഗരം മുസ്ലിം ഹൈസ്‌കൂളിന് മുന്‍വശം വെച്ച് പ്രതിയുടെ കൈയില്‍ നിന്നും 1.100 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബാലഗോപാലനും സംഘവുമാണ് കേസ് പിടിച്ചത്. 

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വേണുഗോപാല്‍ കുറുപ്പ് കേസിന്റെ അന്വേഷണവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണവും നടത്തി. പ്രോസിക്യൂഷനുവേണ്ടി എന്‍.ഡി.പി.എസ് സ്‌പെഷല്‍ പ്രോസീക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.