മോർച്ചറിയിലെ ഗർഭിണിയുടെ മൃതദേഹം കാന്റീൻ ജീവനക്കാരനെയടക്കം കാണിച്ച സെക്യൂരിറ്റിക്കെതിരെ നടപടി

09:26 AM Aug 11, 2025 |


തിരുവനന്തപുരം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ആര്‍ടിഒ വന്ന് ഇന്‍ക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത്. സുരേഷിനോട് ഒരാഴ്ച മാറിനില്‍ക്കാനും ആശുപത്രി സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തുന്നയാള്‍ക്കും ബന്ധുകള്‍ക്കുമാണ് സുരേഷ് കാണിച്ചുകൊടുത്തത്. ഭര്‍തൃഗൃഹത്തിലാണ് യുവതി മരിച്ചത്.നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിക്കുന്ന ചുമതല നഴ്‌സിങ് സ്റ്റാഫിനാണ്. എന്നാല്‍ താന്‍ അറിയാതെയാണ് സുരേഷ് താക്കോല്‍ എടുത്തുകൊണ്ട് പോയതെന്നാണ് നഴ്‌സിങ് സ്റ്റാഫ് പറയുന്നത്.