+

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.

കൊച്ചി ∙  നടൻ കലാഭവൻ നവാസ് (51) ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ. ചലച്ചിത്രതാരം കലാഭവൻ നവാസ്  ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.

ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ അദ്ദേഹം ഉൾപ്പെടെയുള്ള ഷൂട്ടിങ് സംഘം ചിത്രീകരണം കഴിഞ്ഞ് ഹോട്ടൽമുറിയിലെത്തിയ ശേഷം മടങ്ങിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഒരു മുറിയുടെ താക്കോൽ മാത്രം തിരികെക്കിട്ടാതിരുന്നതു ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ മുറി അടച്ചിരിക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നവാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Actor-Kalabhavan-Nawas-was-found-dead-in-a-hotel-room.jpg 1

പ്രശസ്ത നാടക, ചലച്ചിത്ര നട‌നായിരുന്ന അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 1995 ല്‍ ചൈതന്യം എന്ന ചിത്രത്തി‌‌ലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. മാ‌ട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ‌‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.

facebook twitter