കണ്ണൂര്‍: നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം. കഴിഞ്ഞദിവസം രാത്രിയാണ് തൃച്ചംബരത്തുവെച്ച് ഒരുസംഘം ഇവരെ ആക്രമിച്ചത്. മര്‍ദനമേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ യദു സന്ത് ചികിത്സയിലാണ്.
തളിപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സമീപത്തെ ചിന്മയ മിഷന് സ്കൂളിന് സമീപം ഇരിക്കുമ്പോള്‍ ബിജെപി മന്ദിരത്തില്‍ നിന്ന് രണ്ടുപേരെത്തിയാണ് ആദ്യം മര്‍ദിച്ചത്. പിന്നീട് അവര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് കൂടുതല്‍ പേര് ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.
ഫ്ലക്സിന് കല്ലെറിഞ്ഞെന്ന് പറഞ്ഞാണ് ആക്രമണം നടന്നത്. ഹെല്‍മറ്റ് കൊണ്ടടിച്ചതിന് പിന്നാലെ മൂക്കില്‍ നിന്ന് നിന്ന് രക്തം വന്നെന്നും യദു പറയുന്നു. ഒരു വീട്ടില്‍ കയറി രക്ഷപ്പെട്ട ഇവരെ പിന്നീട് രക്ഷിതാക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
തന്റെ പേര് പറഞ്ഞ് മകനെ മര്‍ദിച്ചെന്ന് സന്തോഷ് കീഴാറ്റൂരും പറഞ്ഞു. രാത്രി പത്തുമണിയോടെയാണ് മകന് വിളിച്ച് വിവരം അറിയിച്ചത്. അവിടെയെത്തിയ തന്നെയും ആളുകള്‍ തടഞ്ഞു. എട്ടുപേര്‍ ചേര്‍ന്നാണ് നാലു കുട്ടികളെ ക്രൂരമായി മര്‍ദിച്ചെന്നും കുട്ടികള്‍ക്ക് വലിയ രീതിയില്‍ പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്‍ദിച്ചയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.