പൂണെ: കനത്ത മഴയെ തുടർന്ന് മുംബൈ, പൂണെ ഉൾപ്പെടെ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മരം വീണതിനാലും ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ പ്രധാന സ്ഥലങ്ങളായ അന്ധേരി, പൊവായ് തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ജൽവായു കോംപ്ലക്സിനു സമീപം വൻ മരം കടപുഴകി വീണത് പ്രദേശത്തെ ഗതാഗതം തടസ്സപ്പെടാൻ കാരണമായി.
കനത്ത മഴ പൂണെ വിമാനത്താവളത്തിലും പ്രതിസന്ധികൾ സൃഷ്ടിച്ചു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലുണ്ടായ മണ്ണിടിച്ചിൽ കൊങ്കൺ റെയിൽവേ ലൈനിൽ കാലതാമസം ഉണ്ടാക്കി. മുംബൈ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.