ഇരിട്ടി : മഴ ശക്തി പ്രാപിച്ചതോടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതം ഉയർത്തി. വളപട്ടണം പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ 34.28 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അടുത്ത നാലു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് പഴശ്ശി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നത്. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും 21,23,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറന്നതിലൂടെ ജലനിരപ്പ് നിയന്തിക്കാനാകുന്നുണ്ടെന്നും കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഇല്ലെന്നും എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.