
കണ്ണൂർ : പാതയാണോ പാതാളമാണോ ദേശീയപാതനിർമ്മാണത്തിന്റെ പേരിൽ നിർമ്മിച്ചതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു.
കണ്ണൂരിൽ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ദേശീയപാതയിലെ മണ്ണിടിഞ്ഞ് സമീപപ്രദേശത്തെ വീടുകളിലേക്ക് എത്തുകയാണ്.
മലപ്പുറം കൂരിയാട്ടെ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് തളിപ്പറമ്പ് കുപ്പത്തും മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ അപകടങ്ങൾക്ക് കാരണം. ജില്ലാ കളക്ടറുടെ യോഗത്തിൽ പലപ്രാവിശ്യം എൻഎച്ച് 66ന്റെ അശാസ്ത്രീയമായ നിർമ്മാണത്തെ കുറിച്ച് എംപി എന്ന നിലയിൽ താൻ ചൂണ്ടിക്കാട്ടിയതാണ്.
എന്നാൽ വ്യക്തമായ പരിഹാരമോ മറുപടിയോ ഉണ്ടായിട്ടില്ല. എന്തുവിശ്വസിച്ചാണ് ഇത്തരം റോഡിലൂടെ ജനം യാത്ര ചെയ്യുക. മഴപെയ്താൽ ഒലിച്ച് പോകുന്നതും ഇടിഞ്ഞ് താഴുന്നതുമായ റോഡുകളാണ് പലയിടത്തും.നിർമ്മാണത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്നും അതോടൊപ്പം മണ്ണിടിച്ചൽ മൂലം തകർന്നു പോയ വീടുകൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കെ.സുധാകരൻ ,എം.പി ആവശ്യപ്പെട്ടു.