
കേരളത്തിലൂടെ ഓടുന്ന രണ്ട് പ്രധാന എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.ഹംസഫർ എക്സ്പ്രസിനും രാജ്യറാണി എക്സ്പ്രസിനുമാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.
1. ഹംസഫർ എക്സ്പ്രസ്
തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിലോടുന്ന ഹംസഫർ എക്സ്പ്രസിന് ഇനിമുതല്‍ കായംകുളം ജങ്ഷനില്‍ അധിക സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് നവംബർ 1 മുതലും, ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് നവംബർ 2 മുതലുമാണ് പുതിയ സ്റ്റോപ്പ് പ്രാബല്യത്തില്‍ വരിക. കായംകുളം ജങ്ഷനില്‍ ട്രെയിനിന് രണ്ട് മിനിറ്റ് നേരമായിരിക്കും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
2. രാജ്യറാണി എക്സ്പ്രസ്
നിലമ്ബൂർ റോഡ് - തിരുവനന്തപുരം നോർത്ത് റൂട്ടിലോടുന്ന രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയില്‍ ഒരു അധിക സ്റ്റോപ്പ് അനുവദിച്ചു. ഈ സ്റ്റോപ്പ് ഒക്ടോബർ 30 മുതല്‍ നിലവില്‍ വരും. കരുനാഗപ്പള്ളിയില്‍ ട്രെയിൻ പുലർച്ചെ 3.16ന് എത്തി 3.17ന് പുറപ്പെടും. സ്റ്റോപ്പ് ദൈർഘ്യം ഒരു മിനിറ്റാണ്.
കരുനാഗപ്പള്ളിയിലെ അധിക സ്റ്റോപ്പിനെ തുടർന്ന്, രാജ്യറാണി എക്സ്പ്രസിന്റെ ചില പ്രധാന സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
കൊല്ലത്തുനിന്ന് ട്രെയിൻ പുലർച്ചെ 3.42ന് എത്തി 3.45ന് പുറപ്പെടും.
വർക്കലയില്‍ നിന്ന് ട്രെയിൻ പുലർച്ചെ 4.06ന് എത്തി 4.07ന് പുറപ്പെടും.
തിരുവനന്തപുരം നോർത്തില്‍ നിന്ന് ട്രെയിൻ രാവിലെ 5.35ന് എത്തിച്ചേരും.
പുതിയ അധിക സ്റ്റോപ്പുകളും പുതുക്കിയ സമയക്രമവും യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.