നവോദയ വിദ്യാലയങ്ങളിൽ 6, 9, 11 ക്ലാസ് പ്രവേശനം

08:18 PM Aug 04, 2025 | Kavya Ramachandran

 ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2026-27 അധ്യയനവർഷത്തെ ആറ്, ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള സെലക്ഷൻ ടെസ്റ്റിന് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ (തമിഴ്നാട് ഒഴികെ) 654 നവോദയ വിദ്യാലയങ്ങളാണുള്ളത്. കേരളത്തിൽ 14 ജില്ലയിലും ഓരോ വിദ്യാലയമുണ്ട്. ഒമ്പത്, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.navodaya.gov.inൽ ലഭിക്കും.

ആറാംക്ലാസ് പ്രവേശനം: നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലുള്ളവർക്കാണ് പ്രവേശനം. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/സ്ഥിരതാമസമാണെന്ന് കാണിക്കുന്ന ബന്ധപ്പെട്ട അധികാരിയുടെ രേഖ ഹാജരാക്കേണ്ടതുണ്ട്. അഞ്ചാംക്ലാസിൽ പഠിക്കുന്നവർക്ക് ആറാംക്ലാസിലേക്ക് അപേക്ഷിക്കാം. 2014 മേയ് ഒന്നിന് മുമ്പോ 2016 ജൂലൈ 31ന് ശേഷമോ ജനിച്ചവരാകരുത്.

കേരളം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ആറാംക്ലാസ് ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെ.എൻ.വി.എസ്.ടി-2026) 2025 ഡിസംബർ 13ന് രാവിലെ 11.30 മണിക്ക് നടത്തും. ഇതിൽ പ​ങ്കെടുക്കുന്നതിന് ആഗസ്റ്റ് 13 വരെ ഓൺലൈനിൽ htps://chseitms.rcil.gov.in/nvs എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ ഫീസില്ല. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രോസ്​പെക്ടസിലുണ്ട്. 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ് പ്രവേശനം. താമസം, യൂനിഫോം, പാഠപുസ്തകം അടക്കം വിദ്യാഭ്യാസം സൗജന്യമാണ്.

9, 11 ക്ലാസ് പ്രവേശനം: സി.ബി.എസ്.ഇയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്സുകൾ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യമുണ്ട്.

2026-27 വർഷത്തെ 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് 2026 ഫെബ്രുവരി ഏഴിന് നടത്തും. ഇതിൽ പ​​ങ്കെടുക്കുന്നതിന് 2025 സെപ്റ്റംബർ 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം.

യോഗ്യത: ഒൻപതാം ക്ലാസ് പ്രവേശനത്തിന് ജവഹർ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലെ സർക്കാർ/ അംഗീകൃത സ്കൂളുകളിൽ 2025-26 വർഷം എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രസ്തുത ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. 2011 മേയ് ഒന്നിനും 2013 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം.

ഒ.എം.ആർ അധിഷ്ഠിത ഒബ്ജക്ടിവ് മാതൃകയിലുള്ള സെലക്ഷൻ ടെസ്റ്റിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിലാണ് ചോദ്യങ്ങളുണ്ടാവുക.

11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2009 ജൂൺ ഒന്നിനും 2011 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം. ടെസ്റ്റ് സിലബസ്, തെരഞ്ഞെടുപ്പ് നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ പ്രോസ്​പെക്ടസിൽ ലഭിക്കും.