വീടും നാടും ഭരിക്കാനാകുമെന്ന് സ്ത്രീകള്‍ തെളിയിച്ചു: അഡ്വ. പി സതീദേവി

11:00 AM Jul 02, 2025 |


ഇരിട്ടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയപ്പോള്‍ അടുക്കള തകരുമെന്ന് മുറവിളികൂട്ടിയവര്‍ക്ക് മുന്നില്‍ വീടും നാടും ഭരിക്കാനറിയാമെന്ന് സ്ത്രീകള്‍ തെളിയിച്ചതായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. ഇരിട്ടി മാടത്തില്‍ മൗണ്ട് ഫോര്‍ട്ടില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സതീദേവി. വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ മികവുറ്റ ഭരണാധികാരികളായി സ്ത്രീകള്‍ മാറി. പാര്‍ലമെന്റില്‍ മൂന്നിലൊന്ന് വനിതാ സംവരണം ഇനിയും നടപ്പായിട്ടില്ല.

50 ശതമാനം സംവരണത്തിന് സ്ത്രീകള്‍ അര്‍ഹരാണെന്ന് ഭരണഘന വ്യക്തമാക്കുന്നുണ്ടെങ്കിലും ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകള്‍ സംവരണത്തിനായി ഭരണാധികാരികള്‍ക്ക് മുന്നില്‍ യാചിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് മറികടക്കുന്നതിന് സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ ആവശ്യമാണ്. ലിംഗനീതി വീട്ടകങ്ങളില്‍ നിന്ന് ആരംഭിക്കണം. കുട്ടികളില്‍ ലിംഗനീതിയുടെ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അതിനനുസൃതമായ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമ്പോള്‍ എതിര്‍ക്കുന്നവരുടെ വികലവും അപക്വവുമായ ചിന്തകളെ മറികടക്കുന്നതിന് സമൂഹം മുന്നോട്ട് വരണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

ഇരിട്ടി മൈത്രി കലാകേന്ദ്രവുമായി സഹകരിച്ച് നടത്തിയ സെമിനാറില്‍ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായി. കേരളത്തിലെ വനിതാ മുന്നേറ്റം; സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. വി.പി.പി മുസ്തഫ, സൈബറും ലഹരിയും എന്ന വിഷയത്തില്‍ നിതിന്‍ നങ്ങോത്ത് എന്നിവര്‍  ക്ലാസ്സെടുത്തു.  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ വിശിഷ്ട സാന്നിധ്യമായി. പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ പത്മാവതി, പായം ഗ്രാമപഞ്ചായത്ത് അംഗം പി സാജിദ്, വനിതാ കമ്മീഷന്‍ പി.ആര്‍.ഒ എസ്. സന്തോഷ്, മൈത്രി കലാകേന്ദ്രം മൈത്രി സെക്രട്ടറി വി.പി. മധു മാസ്റ്റര്‍, പ്രസിഡന്റ് പി.പി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.