അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മേയ് 23-ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ സൈറ്റുകളിലിപ്പോള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍, ഗാനങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
'മിന്നല്‍വള...' എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യമായി പുറത്തിറങ്ങിയ പാട്ട്. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തിന് തൊട്ട് പിന്നാലെയാണ് 'ആട് പൊന്‍ മയിലേ...' എന്ന ട്രൈബല്‍ ഗാനം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയത് ട്രെന്‍ഡിങ്ങിലേക്ക് എത്തി. ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണര്‍ത്തുന്ന വിധത്തിലാണ് റാപ്പര്‍ വേടന്‍ പാടിയ 'വാടാ വേടാ...' എന്ന പ്രോമോ ഗാനം കൂടി ചിത്രത്തിന്റെതായി ചൊവ്വാഴ്ച പുറത്തെത്തിയത്. വിവാദങ്ങള്‍ക്ക് ശേഷം വേടന്‍ പാടുന്ന ഏറ്റവും പുതിയ സിനിമഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയര്‍ത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.
'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങറ സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലര്‍ പറയുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യസലിം, റിനി ഉദയകുമാര്‍ എന്നിവരാണ് മറ്റ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.