ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെയും കേസ് എടുത്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്. രണ്ട് ടെലിവിഷന്‍ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ വൈകാതെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചു.
29 സിനിമാതാരങ്ങൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇഡി അന്വേഷണങ്ങൾ നടത്തിവരികയാണ്. ഈ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി റാണ ദഗ്ഗുബാട്ടിയും പ്രകാശ് രാജും, A23 യ്‌ക്കൊപ്പം വിജയ് ദേവരകൊണ്ട, യോലോ 247-ക്കൊപ്പം മഞ്ചു ലക്ഷ്മി, ഫെയർപ്ലേ എന്ന ബെറ്റിങ് ആപ്പിനൊപ്പം പ്രണീത, ജീത് വിൻ എന്നിവരോടൊപ്പം നടി നിധി അഗർവാളും സഹകരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഓൺലൈൻ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ അഭിനേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസേർസും ഈ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിച്ചതായും, ഉപയോക്താക്കളെ നിയമവിരുദ്ധ ചൂതാട്ടത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.