ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ നീളും. നടപടികള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അതേസമയം, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടര്‍ നടപടികള്‍ക്കും മറ്റു നിയമനപടികള്‍ക്കുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇടപെട്ടിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും വിഷയത്തില്‍ ഇടപെടുന്നുണ്ട്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടവും മറ്റു നടപടികളും വൈകുമെന്നാണ് സൂചന. അടുത്ത രണ്ടു ദിവസങ്ങള്‍ വാരാന്ത്യ അവധി ആയതിനാല്‍ തിങ്കളാഴ്ചയാകും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുക.
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിക്കുക. അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ശ്രമിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍തന്നെ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ആവശ്യപ്പെട്ടതായാണ് വിവരം. കേസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് പോകാനാകില്ലെന്നും കുഞ്ഞിന്റെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തിയാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയുമെന്നുമാണ് നിധീഷിന്റെ വാദം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായി.