കൊല്ലം: ഷാർജയിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി വിപഞ്ചികയുടെ അമ്മ ശൈലജ. മകൾക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
''എന്‍റെ മകളെയും കുഞ്ഞിനെയും ഇവിടെ എത്തിക്കണം. അവനെയും കുടുംബത്തെയും വെറുതെ വിടരുത്. നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കണം. എന്‍റെ പൊടിക്കുഞ്ഞിനെയും മകളെയും വിട്ടുതരണം. അവൻ നോക്കാത്തത് കൊണ്ടല്ലേ എന്‍റെ പൊടിക്കുഞ്ഞും മകളും മരിക്കേണ്ടി വന്നത്. എന്‍റെ കുഞ്ഞ് വെറും പാവമായിരുന്നു. പ്രതികരിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഈ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഭര്‍ത്താവിനും നിതീഷിനും കുടുംബത്തിനും എതിരെ എല്ലാ നടപടികളും ഉണ്ടാകണം.
പെറ്റ തള്ളയായ ഞാനും ഫേസ്ബുക്ക് വഴിയാണ് എന്‍റെ മകൾ അനുഭവിച്ച ദുഖങ്ങൾ കണ്ടത്. അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്‍റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എന്‍റെ മകൾ പച്ച പാവം ആയിരുന്നു. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. നിതീഷിനെയും കുടുംബത്തിനും നാട്ടിൽ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞ് കൈയിൽ കൊണ്ട് കൊടുത്താൽ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛൻ പറയേണ്ടത്.
എന്‍റെ മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അതിനായി അങ്ങേ അറ്റം വരെ പോകണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് ശിക്ഷ വാങ്ങിച്ച് കൊടുക്കണം. എന്‍റെ മകളെ ഭര്‍ത്താവ് ഒരു വട്ടം ഭീഷണിപ്പെടുത്തിയിരുന്നു. നാലഞ്ച് ലക്ഷം രൂപ ശമ്പളവും വാങ്ങിച്ച് എന്‍റെ മകളുടെ ശമ്പളവും കൊണ്ട് ജീവിച്ചിട്ടും നിതീഷിന് തികഞ്ഞിരുന്നില്ല. കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു. അതും തികയാതെ വന്നപ്പോൾ ഈ കാശ് എന്ത് ചെയ്യുന്നുവെന്ന് മകള് ചോദിച്ചു. നിതീഷ് പറയുന്നില്ല. ഇത്രയും ആയിട്ടും തികഞ്ഞില്ലെങ്കിൽ ഇനി കമ്പനിയെ ചതിച്ചാൽ അത് അറിയിക്കുമെന്ന് മകള് പറഞ്ഞു. നീ കമ്പനിക്ക് പരാതി കൊടുത്താൽ ജോലി പോകും. നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു. അമ്മയെ കാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ ഐഡി എടുത്ത് മാറ്റി. വിവാഹം ചെയ്ത് കൊണ്ട് പോയി അന്ന് തുടങ്ങിയതാണ് ഈ പീഡനം. ഒരു മിനിറ്റ് എന്‍റെ മകളുടെ കൂടെ ഇരിക്കാൻ പെങ്ങൾ സമ്മതിച്ചില്ല. വീട്ടിൽ പോലും വരാതായി. പെങ്ങളും അച്ഛനുമെല്ലാം ഇതിന് കൂട്ട് നിന്നു''
ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും. നടപടികൾ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. അതേസമയം, ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടർ നടപടികൾക്കും മറ്റു നിയമനപടികൾക്കുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പടെയുള്ള ഏജൻസികൾ ഇടപെട്ടിട്ടുണ്ട്.
ഷാർജ ഇന്ത്യൻ അസോസിയേഷനും വിഷയത്തിൽ ഇടപെടുന്നുണ്ട്. വിപഞ്ചികയുടെ പോസ്റ്റുമോർട്ടവും മറ്റു നടപടികളും വൈകുമെന്നാണ് സൂചന. അടുത്ത രണ്ടു ദിവസങ്ങൾ വാരാന്ത്യ അവധി ആയതിനാൽ തിങ്കളാഴ്ചയാകും ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുക. കേസ് നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് പോകാനാകില്ലെന്നും കുഞ്ഞിന്‍റെ സംസ്കാരം ഷാർജയിൽ നടത്തിയാൽ തനിക്ക് പങ്കെടുക്കാൻ കഴിയുമെന്നുമാണ് നിധീഷിന്‍റെ വാദം.