ന്യൂഡൽഹി ∙ പരസ്യചിത്രരംഗത്തെ അതികായൻ പീയൂഷ് പാണ്ഡെ (70) അന്തരിച്ചു. ഹമാരാ ബജാജ് അടക്കം ഇന്ത്യ ഇന്നും ഓർമയിൽ സൂക്ഷിക്കുന്ന പരസ്യചിത്രങ്ങളിലൂടെ രാജ്യത്തെ പരസ്യമേഖലയെ ഉടച്ചുവാർത്തു പാണ്ഡെ. രാജ്യത്തിന്റെ ഏകത്വത്തിന്റെ അടയാള ഗാനമായി ഇന്നും ഓർമിക്കപ്പെടുന്ന മിലേ സുർ മേരാ തുമാരാ എന്ന ഗാനമെഴുതിയതും പീയൂഷ് പാണ്ഡെയാണ്.
കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ തുടങ്ങിയവയ്ക്ക് പാണ്ഡെ ഒരുക്കിയ പരസ്യങ്ങൾ ക്ലാസിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. 2016 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. രാജ്യാന്തര പരസ്യക്കമ്പനിയായ ഒഗിൾവിയുടെ ചീഫ് ക്രിയേറ്റീവ് ഓഫിസർ വേൾഡ് വൈഡ്, ഒഗിൾവി ഇന്ത്യയുടെ എക്സ്ക്യുട്ടീവ് ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നുണ്ടായിരുന്നു.
1955 സെപ്റ്റംബർ 5 ന് ജയ്പുരിൽ ജനിച്ച പീയുഷ് പാണ്ഡെ ജയ്പുർ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് പഠിച്ചത്. ടീ ടേസ്റ്ററായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം രാജസ്ഥാൻ രഞ്ജി ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. പ്രമുഖ പരസ്യക്കമ്പനിയായ ഒഗിൾവിയിൽ ക്ലയന്റ് സർവീസ് എക്സിക്യുട്ടീവായാണ് പാണ്ഡെ പരസ്യമേഖലയിലേക്കു പ്രവേശിച്ചത്.
അദ്ദേഹം ആദ്യം എഴുതിയ പരസ്യം സൺലൈറ്റ് ഡിറ്റർജന്റിനു വേണ്ടിയായിരുന്നു. പിന്നീട് ലൂണ മോപ്പഡ്, ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയ്ക്കു വേണ്ടിയും പരസ്യങ്ങളൊരുക്കി.