അഹമ്മദാബാദ് വിമാന അപകടത്തിൽ ആരോപണം കടുപ്പിച്ച് പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരുടെ പിഴവ് എന്ന അവകാശവാദത്തിന് അടിസ്ഥാനമില്ലെന്ന് സംഘടന അറിയിച്ചു .
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമികാന്വേഷണ റിപ്പോർട്ട് തൊഴിലിനോടുള്ള അവഹേളനമെന്ന് പൈലറ്റുമാരുടെ സംഘടന പറയുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ.
പൈലറ്റുമാരുടെ പിഴവ് എന്ന അവകാശവാദത്തിന് അടിസ്ഥാനമില്ല. അപൂർണ്ണമോ പ്രാഥമികമോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. പൂർണ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിഗമനത്തിൽ എത്താവൂ എന്നും പൈലറ്റ് മാരുടെ സംഘടന.
അന്വേഷണം സുതാര്യമാക്കണമെന്ന് പ്രതിപക്ഷത്തിന് പിന്നാലെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്വേഷണം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ചോർന്നതിലും ചോദ്യം ഉയർന്നിട്ടുണ്ട്. റിപ്പോർട്ടിലെ എൻജിൻ സ്വിച്ച് കട്ട് ഓഫ് ആയതുമായ ബന്ധപ്പെട്ട ദുരൂഹത നീക്കാൻ എ എ ഐ ബി ക്ക് ഇത് വരെയും സാധിച്ചിട്ടില്ല. അപകടം നടന്ന ഒരു മാസം പിന്നിട്ടിട്ടും പൂർണ റിപ്പോർട്ട് സമർപ്പിക്കാത്തതിലും പ്രതിഷേധം ശക്തമാവുകയാണ്.