സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ സിലബസിൽ എ ഐ യും റോബോട്ടിക്കും വിഷയമായതോടെ വിദ്യാർത്ഥികളിൽ ഗവേഷണ താൽപ്പര്യവും പ്രകടമാകുന്നു. എ ഐ ഫെയ്സ് സെൻസിംഗ് ഗെയിം, റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള ഗെയിമുകൾ കാണാനും പഠിക്കാനും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് കൊല്ലത്തെ എന്റെ കേരളം പ്രദർശന മേളയിൽ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി.
എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മളുടെ മുഖത്തു വിരിയുന്ന ഭാവങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു ഗെയിമാണിത്. സ്ക്കൂളുകളിൽ കുട്ടികൾ പഠിക്കുന്ന സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് നിർമ്മിച്ചു. ഏഴാം ക്ലാസ്സിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലെ ഒമ്പതാമത്തെ അധ്യായമായ കമ്പ്യൂട്ടർ വിഷനിൽ ഗെയിം നിർമ്മാണത്തെപ്പറ്റി കുട്ടികൾക്ക് പഠിക്കാനുണ്ട്. നവരസഭാവങ്ങൾ വീണ്ടെടുക്കാനും പ്രായ ഭേദമന്യ അവസരം ഒരുക്കുന്നു.
പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ ഗവൺമെൻ്റ്, എയ്ഡഡ് ഹൈസ്ക്കൂളുകളിലും റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ആർഡിനോ, വിവിധതരം സെൻസറുകൾ, സെർവോ മോട്ടോർ, റസിസ്റ്ററുകൾ, തുടങ്ങിയവയാണ് റോബോട്ടിക് കിറ്റുകൾ. നേരത്തേ ലിറ്റിൽ കൈറ്റ് കുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതുപയോഗിച്ചുള്ള പഠനം ഈ അധ്യയന വർഷം (2025-2026) മുതൽ പത്താം ക്ലാസ്സിലും ഉൾപ്പെടുത്തി.
വനങ്ങളിൽ നിന്നും വന്യജീവികൾ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാണ്. അതിനു പരിഹാരമായി എ ഐ സഹായത്തോടെ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചു നിർമ്മിച്ച ഒരു ഉൽപ്പന്നം കൈറ്റിൻ്റെ സ്റ്റാളിൽ കാണാം. വന്യജീവികൾ കാടിനു പുറത്തിറങ്ങിയാൽ അവയെ തിരിച്ചറിഞ്ഞ് സൈറൻ മുഴക്കും. എന്നാൽ മനുഷ്യനോ നാട്ടിലെ മറ്റു മൃഗങ്ങളോ ആണെങ്കിൽ സൈറൻ മുഴങ്ങുകയുമില്ല. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ സിലബസ് ലോകോത്തര നിലവാരത്തേക്കാൾ മെച്ചം. തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്ന ലക്ഷ്യമാണിതിന് പിന്നിൽ.