+

ഉത്സവ സീസണിലെ അനിയന്ത്രിത വിമാന ടിക്കറ്റ് വര്‍ധന നിരക്ക് തടയണം : കെ സി വേണുഗോപാല്‍ എംപി

ത്സവ സീസണിലേയും അവധിക്കാലത്തേയും അനിയന്ത്രിത വിമാന ടിക്കറ്റ് വര്‍ധന നിരക്ക് തടയാന്‍ നടപടി വേണമെന്ന് കെ.സി.വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ഡൽഹി : ഉത്സവ സീസണിലേയും അവധിക്കാലത്തേയും അനിയന്ത്രിത വിമാന ടിക്കറ്റ് വര്‍ധന നിരക്ക് തടയാന്‍ നടപടി വേണമെന്ന് കെ.സി.വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ  നിരവധി മലയാളികളാണ് പ്രവാസികളായുള്ളത്.

അവരില്‍ 70 ശതമാനത്തോളം പേരും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരും ലേബര്‍ ക്യാമ്പില്‍ കഴിയുന്നവരുമാണ്. മൂന്നോ നാലോ വര്‍ഷത്തിലൊരിക്കലാണ് നാട്ടിലേക്ക് വരുന്നത്. അതും  ഉത്സവ സീസണിലോ അവധിക്കാലത്തോ ആയിരിക്കും നാട്ടിലേക്കുള്ള യാത്ര. ഈ സമയത്ത് വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്  അവര്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിമാന ടിക്കറ്റെടുക്കാന്‍ നഷ്ടമാകും. ഇത് ദയനീയമായ അവസ്ഥയാണ്.  

flight

ഡിജിസിഎയുടെ അധികാരപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇത് നിരീക്ഷിക്കാന്‍ സംവിധാനം വേണം. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഇതുസംബന്ധിച്ച് ഡിജിസിഎയോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും നിലവില്‍ അതിനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഗൗരവമായി കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കേണ്ടതും ആവശ്യമായ നടപടിയെടുക്കേണ്ടതുമായ വിഷയമാണിത്. യൂസേഴ്‌സ് ഫീസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടെ സാധാരണക്കാരനായ യാത്രക്കാരന്‍ ടിക്കറ്റ് നിരക്കിലൂടെ നല്‍കേണ്ട അവസ്ഥയാണ്.

ഇക്കാര്യങ്ങളിലെല്ലാം ഫലപ്രദമായ ഇടപെടല്‍ നടത്താനും യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയാവുന്നതെയുള്ളു. കൂടാതെ ഒരു ഡസ്റ്റിനേഷനിലേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സാഹചര്യവുമുണ്ട്.

ഇത് അവസാനിപ്പിക്കണം. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് 60000 രൂപ ഈടാക്കുമ്പോള്‍ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 1,40000 രൂപ നല്‍കണം. ഇതിന്റെ അടിസ്ഥാനം മനസിലാകുന്നില്ല. കൊച്ചിയും കോഴിക്കോടും വലിയ ദൂര വ്യത്യാസമില്ലാത്ത വിമാനത്താവളങ്ങളാണ്. പക്ഷെ ഇവിടെ നിന്നും ഒരേ ഡെസ്റ്റിനേഷനിലേക്കെത്താന്‍ ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമാണുള്ളത്. ആ ദുരവസ്ഥയ്ക്ക് മാറ്റം വേണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

facebook twitter