895 രൂപയ്ക്ക് 11 മാസം വാലിഡിറ്റി; എയർടെല്ലിനും ബിഎസ്എൻഎല്ലിനും വെല്ലുവിളിയായി ജിയോയുടെ പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ

07:44 PM May 03, 2025 | Kavya Ramachandran

ദില്ലി: എയർടെല്ലിനും ബിഎസ്എൻഎല്ലിനും വലിയ വെല്ലുവിളിയായി ജിയോയുടെ പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ. ഇത്തവണ ജിയോ വെറും 895 രൂപയ്ക്ക് 336 ദിവസത്തെ വാലിഡിറ്റി വാഗ്‍ദാനം ചെയ്യുന്നു. കൂടാതെ കമ്പനി മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അധികം ഡാറ്റ ആവശ്യമില്ലാത്തവർക്കും ദീർഘകാലത്തേക്ക് സിമ്മിൽ കോളിംഗ് സൗകര്യം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും 895 രൂപയ്ക്ക് ഒരു വർഷത്തോളം ഈ നമ്പർ ഉപയോഗിക്കാം.

ജിയോയുടെ 895 രൂപ റീചാർജിൽ, കമ്പനി 336 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അതായത് ഏകദേശം 11 മാസം വാലിഡിറ്റി ലഭിക്കും. ഈ റീചാർജ് കഴിഞ്ഞാൽ എല്ലാ ലോക്കൽ, എസ്‍ടിഡി നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സാധ്യമാകും. ഓരോ 28 ദിവസത്തിലും നിങ്ങൾക്ക് 50 എസ്എംഎസ് ലഭിക്കും. 28 ദിവസത്തിലൊരിക്കൽ 2 ജിബി ഡാറ്റ നൽകും. ഈ രീതിയിൽ, പ്ലാനിൻറെ മുഴുവൻ വാലിഡിറ്റിയിലും ആകെ 24 ജിബി ഡാറ്റ ലഭ്യമാകും.

എന്നാൽ ഈ ജിയോ റീചാർജിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജിയോ ഫോണോ ജിയോ ഭാരത് ഫോണോ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ റീചാർജ് ചെയ്യാൻ കഴിയൂ. നിങ്ങളുടെ സിം ഒരു സ്മാർട്ട്‌ഫോണിലാണ് ഉപയോഗിക്കുന്നതെങ്കിൽ, ഈ റീചാർജ് നിങ്ങൾക്കുള്ളതല്ല. ജിയോയുടെ ഈ വിലകുറഞ്ഞ റീചാർജ് പ്രധാനമായും സമൂഹത്തിലെ ദരിദ്ര വിഭാഗത്തിനോ ജിയോ ഫീച്ചർ ഫോണിനൊപ്പം താങ്ങാനാവുന്ന വിലയിൽ റീചാർജ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കോ വേണ്ടിയുള്ളതാണ്.

നിലവിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്കാണ്. 2025 ജനുവരിയിലെ ട്രായ് ഡാറ്റ പ്രകാരം 46 കോടിയിലധികം വരിക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ജിയോ. രണ്ടാം സ്ഥാനത്ത് എയർടെൽ ആണ്. വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോ അതിൻറെ മുഴുവൻ റീചാർജ് പോർട്ട്‌ഫോളിയോയും പുതുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എന്റർടൈൻമെൻറ് പ്ലാനുകൾ, ട്രൂ അൺലിമിറ്റഡ് അപ്‌ഗ്രേഡ് പ്ലാനുകൾ, വാർഷിക പ്ലാനുകൾ, ഡാറ്റ പായ്ക്കുകൾ, ജിയോ ഫോൺ, ഭാരത് ഫോൺ പ്ലാനുകൾ, മൂല്യ പ്ലാനുകൾ, ട്രൂ 5G അൺലിമിറ്റഡ് പ്ലാനുകൾ എന്നിവ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. 895 രൂപ പ്ലാൻ മൂല്യ വിഭാഗത്തിൽ തികച്ചും യോജിക്കുന്നു