ഇനി നായകൻ, സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍

02:16 PM Jul 13, 2025 | Kavya Ramachandran


ബിഗ് ബോസ് വിന്നറായി ശ്രദ്ധയാകര്‍ഷിച്ച താരമാണ് അഖില്‍ മാരാര്‍. മുള്ളൻ കൊല്ലി എന്ന സിനിമയിലൂടെ അഖില്‍ മാരാര്‍ നായകനാകുകയുമാണ്. മുള്ളൻ കൊല്ലിയുടെ ട്രെയിലര്‍ മോഹൻലാലിനെ കാണിച്ച് അനുഗ്രഹം വാങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍.

''ജീവിതം രസകരമായ സിനിമയാണ്. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്. എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താൽ ഞാൻ ഞാനായി മുന്നോട്ട് പോകുന്നു. സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ, അസിസ്റ്റന്റ് ഡയറക്ടർ, തിരക്കഥാകൃത്തു, സംവിധായകൻ എന്നീ വേഷങ്ങൾക്ക് ശേഷം നടൻ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേർന്നു. 

ലാലേട്ടൻ ഈ കാണുന്നത് ഞാൻ മുഖ്യ വേഷത്തിൽ എത്തുന്ന മുള്ളൻ കൊല്ലി സിനിമയുടെ ട്രെയിലർ ആണ്.. "നന്നായിട്ടുണ്ട് മോനെ " ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലർ എത്തും..ഫോറം മാളിൽ 19ന് വൈകിട്ട് ട്രെയിലർ ലോഞ്ച് നടക്കും.. അതിന് മുൻപ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം'' എന്നുമാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്‍ക്കൊപ്പം അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.

ബാബു ജോണാണ് മുള്ളൻ കൊല്ലി സംവിധാനം ചെയ്യുന്നത്. ബാബു ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്‍ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്‍ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്‍ണ, ആർസിൻ ആസാദ്, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, ശ്രീഷ്മ ഷൈൻ ദാസ്, ശശി ഐറ്റി, റോബർട്ട്, നസീർ ഷൊർണൂർ, അനുപമ പിവി, അശോകൻ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്.